ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി വന്ദേഭാരത് , തിരുവനന്തപുരം – കണ്ണൂര്‍ 7 മണിക്കൂര്‍ 10 മിനിട്ടില്‍

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ട്രയല്‍റണ്‍ പൂര്‍ത്തിയാക്കി കണ്ണൂരിൽ എത്തി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുമാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ വന്ദേഭാരത് എടുത്തത്. ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് നിർത്തിയത്.

ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ തിരുവനന്തപുരം – കണ്ണൂര്‍ 7 മണിക്കൂര്‍ 10 മിനിട്ടില്‍ എത്താനായത് ഏറെ പ്രതീക്ഷ നൽകുന്ന വിവരമാണ്. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടത്തും . അതിന് ശേഷം സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിയും.  2.30-നുള്ളില്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.

ചൊവ്വാഴ്ചയ്ക്ക് മുമ്പ് വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10നാണ് തുടങ്ങിയത്. 8.25ഓടെ എറണാകുളത്തെത്തിയിരുന്നു. 3 മണിക്കൂർ 17 മിനിറ്റ് എടുത്തുകൊണ്ടാണ് വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിയത്.