വന്ദേഭാരത് കാസര്‍കോട് വരെ ട്രയല്‍ റണ്‍ ബുധനാഴ്ച

തിരുവനന്തപുരം . വന്ദേഭാരത് ട്രെയിനിന് ബുധനാഴ്ച വീണ്ടും ട്രയല്‍ റണ്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രയല്‍ റണ്ണിന്റെ ഭാഗമായി ട്രെയിന്‍ ഓടിക്കും. ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5:10ന് പുറപ്പെടും. വന്ദേഭാരതിന്റെ സര്‍വീസ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസര്‍കോട് വരെ ട്രയല്‍ റണ്‍ നടത്താനുള്ള തീരുമാനം ഉണ്ടാവുന്നത്. നേരത്തേ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരുന്നു സര്‍വീസ് തീരുമാനിച്ചിരുന്നത്.

ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ വേഗം 130 കിലോമീറ്ററാകും. ഇതിനായി പാത വികസനം നടത്തും. ഭാവിയില്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഡിസംബറോടെ തയാറാകും – കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹിയില്‍ അറിയിച്ചിരുന്നു.

ആദ്യ ട്രയല്‍ റണ്ണിന്റെ ഭാഗമായി തിങ്കളാഴ്ച ട്രയിന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആണ് ഓടിച്ചിരുന്നത്. പരീക്ഷണ ഓട്ടത്തില്‍ 7 മണിക്കൂര്‍ 10 മിനിറ്റില്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. പുലര്‍ച്ചെ 5.10നു പുറപ്പെട്ട ട്രെയിന്‍ ഉച്ചക്ക് 12.20നാണ് കണ്ണൂരിലെത്തുന്നത്. തിരികെ 2.10നു കണ്ണൂരില്‍നിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.