‘വന്ദേഭാരത് കാസർകോട് വരെ, ഒന്നര വർഷത്തിനകം 110 കി.മീ വേഗത, ഡിസംബറോടു കൂടി സ്ലീപ്പർ കോച്ചുകൾ’

ന്യൂഡൽഹി . കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒന്നാംഘട്ടത്തിൽ ഒന്നര വർഷംകൊണ്ട് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ സൗകര്യം ഉണ്ടാക്കും. രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്ററാക്കി വേഗം കൂട്ടും.

റെയിൽവേ ട്രാക്കിൽ ചില സ്ഥലങ്ങളിൽ വളവ് നികത്തേണ്ടി വരും. അതിന് സ്ഥലം ഏറ്റെടുക്കണം. ഇതിന് രണ്ട് മൂന്ന് വർഷം വേണ്ടിവരും. 160 കിലോമീറ്റർ വേഗമാക്കുക എന്നതാണ് ലക്‌ഷ്യം വെക്കുന്നത്. അതിന് ഡിപിആർ തയാറാക്കണം. കേരളത്തിലെ റെയിൽവേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

തിരുവനന്തപുരത്ത് ചെറിയ പദ്ധതികൾ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ട് വരാനാണ് ആലോചിക്കുന്നത്. ഇതിനായി ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ ഇതിനായി അനുവദിക്കും. നേമം– കൊച്ചുവേളി പാത വികസിപ്പിക്കും. സ്റ്റേഷനുകൾ വികസിപ്പിച്ച് പുതിയ പേരുകളും നമ്പറുകളും നൽകും. എറണാകുളം മുതൽ കായംകുളം വരെ ട്രാക്കിൽ വലിയ വികസനമാണ് നടപ്പാക്കുക.

ചെയർ കാർ, സ്ലീപ്പർ, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണു വന്ദേ ഭാരതിലുള്ളത്. ഡിസംബറോടു കൂടി സ്ലീപ്പർ കോച്ചുകൾ വരും. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ചെയർകാർ ഉപയോഗിക്കാം. അതിനു മേൽ വരുന്ന യാത്രക്കാർക്ക് ആയിട്ടായിരിക്കും സ്ലീപ്പർ. നഗരങ്ങളിലായിരിക്കും വന്ദേ മെട്രോ സർവീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.