വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വരലക്ഷ്മിയും നിക്കോളായിയും വിവാ‌ഹിതരാകുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ‌ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

14 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻമാരായ രജനികാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ തുടങ്ങി നിരവധി പ്രമുഖരെ വിവാ​ഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി ഒരുങ്ങുന്നുണ്ട്.

നിക്കോളായ് സച്ച്‌ദേവിന്റെ ശരീരത്തെ കുറിച്ച് വന്ന കമന്റുകളോടൊന്നും തന്നെ വരലക്ഷ്മി പ്രതികരിച്ചില്ല. എല്ലാ വിമര്‍ശനങ്ങളെയും നെഗറ്റീവുകളെയും അതിജീവിച്ചാണ് അടുത്ത ദിവസം താരപുത്രി വിവാഹിതയാകാന്‍ പോകുന്നത്.