കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം, പരാതികള്‍ പരിശോധിക്കുമെന്ന് വിസി

തിരുവനന്തപുരം. മത്സര ഫലത്തേക്കുറിച്ച് വ്യാപക പ്രതിഷേധം ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെയ്ക്കാന്‍ വിസിയുടെ നിര്‍ദേശം. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും സമാപന സമ്മേളനം ഉണ്ടാകില്ലെന്നും വിസി മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.

അതേസമയം കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. കലോത്സവം ആരംഭിച്ച ദിവസം തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കെ എസ് യു പ്രതിഷേധിച്ചു.

ഒപ്പന മത്സരത്തിലെ വിധി നിര്‍ണയിച്ചത് ശരിയല്ലെന്ന് ആരോപിച്ചായിരുന്നു തിങ്കളാഴ്ചത്തെ പ്രതിഷേധം. അപ്പീല്‍ പോലും പരിഗണിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.