ചെന്നൈയിലെ എസ്എഫ്ഐഒ ഓഫിസിലെത്തി വീണ വിജയൻ, മൊഴി നൽകാനെന്ന് സൂചന

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഡയറക്ടറുമായ ടി.വീണ എസ്എഫ്ഐഒ ചെന്നൈ ഓഫിസിൽ മൊഴി നൽകാനെത്തിയെന്ന് സൂചന. അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകുക എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു യാത്ര.

വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയായ ഹെക്സ ലോജിലെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐഒ എന്ന പേര് കേരളത്തിൽ പരിചിതമാവുന്നത് .സിബിഐ, എൻഐഎ, ഇഡി, ഇൻകംടാക്‌സ്, കസ്റ്റംസ്, എൻസിബി തുടങ്ങിയ പേരുകൾ മലയാളികൾക്ക് പരിചിതമാണ് .എന്നാൽ അധികം പ്രചാരത്തിലില്ലെങ്കിലും നിസ്സാരമല്ല സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ എന്ന എസ്എഫ്‌ഐഒ .

കോർപറേറ്റ് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ നിയമപരമായ ഏജൻസിയാണ് എസ്എഫ്‌ഐഒ .വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും പ്രോസിക്യൂഷനു ശുപാർശ ചെയ്യുന്നതിനുമുള്ള ഉത്തരവോടെ ഇന്ത്യൻ ഗവൺമെന്റിലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് .ഇതിലെ ഉദ്യോഗസ്ഥരുടെ എണ്ണം തന്നെ 300ൽ താഴെ മാത്രമാണ്.