പട്ടി കടിച്ചാൽ ഉടൻ വീണാ ജോർജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം; വീണാ ജോര്‍ജ്ജിന് പിന്തുണയുമായി വെള്ളാപ്പളളി

ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ്ജിനെ ചിലർ വ്യക്തിഹത്യ നടത്തുകയാണെന്നും ആരെയെങ്കിലും പട്ടി കടിച്ചാൽ അത് മന്ത്രി കടിച്ചെന്ന മട്ടിലാണ് പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വീണാ ജോർജ്ജ് മിടുക്കിയായ ജനപ്രതിയാണെന്നും വെള്ളപ്പള്ളി നടേശൻ പറഞ്ഞു. മാദ്ധ്യമങ്ങൾ തന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്. മന്ത്രിയായി ഒരു വർഷം പിന്നിട്ടതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയനിന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മന്ത്രി വീണാ ജോർജ്ജും ചടങ്ങിന് എത്തിയിരുന്നു. അതേസമയം സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചു. പിന്നാക്ക വിഭാഗത്തെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരത്തിനിറങ്ങിയ ലത്തീൻ അതിരൂപതയ്ക്ക് മുന്നിൽ സർക്കാർ മുട്ടിടിച്ച് നിൽക്കുകയാണ്. പിന്നാക്ക സമുദായ ചങ്കെടുത്ത് കാണിച്ചാൽ ചെമ്പത്തിപ്പൂവെന്ന് പറയുന്ന സ്ഥിതിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.