വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഐഎന്‍ടിയുസി പ്രാദേശിക നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണിയാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഉണ്ണി. മദപുരത്തെ മലയുടെ മുകളിൽ നിന്നാണ് ഉണ്ണിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെ റിമാൻഡ് ചെയ്തു.

ഇരട്ടക്കൊലപാതകത്തിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരെന്ന് എഫ്ഐആർ. ആറ് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. കോൺഗ്രസ് പ്രവർത്തകരായ സജീവും അൻസാറുമാണ് ഒന്നും രണ്ടും പ്രതികൾ. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമെന്നും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻറെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിൻറെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്.

ഫൈസലിന് എതിരായ ആക്രമണം ഒത്തുതീർക്കാൻ ഹഖ് കൂട്ടാക്കിയിരുന്നില്ല. കേസിൽ നിന്നും പിന്മാറാൻ പ്രതികൾ പലതവണ പ്രകോപനമുണ്ടാക്കി. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഗൂഡാലോചന. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇരുവർക്കും വടിവാൾ കൊണ്ടുള്ള വെട്ടുമേറ്റിരുന്നു. തിരുവോണത്തലേന്ന് അർധരാത്രിയിൽ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്ക് മുഹമ്മദ് , മിഥിലാജ് എന്നിവരാണ് നടുറോഡിൽ കൊല്ലപ്പെട്ടത്. കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു.