150 കോടിയുടെ അഴിമതി, പി വി അൻവർ നടത്തിയ ആരോപണം, വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ 150 കോടി അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് പ്രതിപക്ഷ നേതാവിനെതിരെ നൽകിയ പരാതിയിലാണ് അന്വേഷണം.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയിൽ പി വി അൻവർ എം.എല്‍.എ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലുമായി കൈമാറി.

കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയതോടെ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർക്കുകയായിരുന്നു. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി. സതീശനെ ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നെന്നും അൻവർ പറഞ്ഞിരുന്നു.