ഡി.ജി.പി തച്ചങ്കരിക്കെതിരായുള്ള കൈക്കൂലിക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്.

തിരുവനന്തപുരം. ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെയുള്ള കൈക്കൂലിക്കേസില്‍ തുടരന്വേഷണത്തിനു അനുമതി തേടി വിജിലന്‍സ്. തച്ചങ്കരിയെ രക്ഷിക്കാനായി തെളിവില്ലെന്ന് പറഞ്ഞു നൽകിയ റിപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് തുടരന്വേഷണത്തിനു അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട് തള്ളിയ കോടതി കൂടുതല്‍ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെടുകയാ യിരുന്നു. ട്രാന്‍സ്പോര്‍ട് കമ്മിഷണറായിരിക്കെ പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫിസറില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് നടപടി. കൃത്യമായ ഫോൺ രേഖകൾ അടക്കമുള്ള തെളിവുകളാണ് പരാതിക്കാരൻ തച്ചങ്കരിക്കെതിരെ നൽകിയിട്ടുള്ളത്.

ട്രാന്‍സ്പോര്‍ട് കമ്മിഷണറായിരിക്കെ പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫിസറായിരുന്ന ശരവണനില്‍ നിന്നു ഒരുലക്ഷം രൂപ എന്ന ക്രമത്തില്‍ ഒന്‍പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഫോണ്‍ റിക്കോഡ് അടക്കമായിരുന്നു പരാതി നൽകിയിരുന്നത്. കേസ് വിജിലന്‍സിന്‍റെ പ്രത്യേക യൂണിറ്റ് ആണ് അന്വേഷിച്ചിരുന്നത്.

തച്ചങ്കരിയെ കുറ്റവിമുക്തനാക്കികൊണ്ടു തെളിവില്ലെന്ന റിപ്പോർട്ടാണ് തുടർന്ന് നൽകുന്നത്. എന്നാല്‍ റിപ്പോർട്ട് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ചിട്ടില്ലെന്നും തുടരന്വേഷണം നടത്തണമെന്നും കോടതി കഴി‍ഞ്ഞ മാസം ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമത്തിന്‍റെ ഭേദഗതി പ്രകാരം സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമേ തുടരന്വേഷണം നടത്താന്‍ കഴിയൂ. തുടര്‍ന്നാണ് അനുമതി തേടി സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിക്കുന്നത്. സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി.