ഗോവിന്ദപുരം ചെക്ക്പോസ്റ്റിൽ വിജിലന്ഡസിന്റെ മിന്നൽ പരിശോധന, ഉപയോഗശൂന്യമായി ഉപേക്ഷിച്ച കസേരയ്ക്ക് അടിയിൽ നിന്ന് കണ്ടെത്തിയത് 16,450 രൂപ

ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ വിജിലന്‍സിൻരെ മിന്നൽ പരിശോധനയില്‍ അനധികൃത പണം പിടികൂടി. കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഉപേക്ഷിച്ച കസേരയ്ക്കടിയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് 16,450 രൂപ.  തിങ്കളാഴ്ച രാത്രി 11 മുതൽ ചെക്പോസ്റ്റ് പരിസരത്ത് ഉദ്യോഗസ്ഥർ വേഷം മാറി നിലയുറപ്പിച്ചു.

ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. ചെക്പോസ്റ്റിനു സമീപം ചായക്കട നടത്തുന്ന വിനു എന്നയാൾ പുലർച്ചെ 1.40നു കട്ടൻചായ കൊടുക്കാനെന്ന വ്യാജേന ചെക്പോസ്റ്റിനു സമീപം എത്തുന്നതും അതുവരെ ലഭിച്ച പണം എഎംവിഐ ഇയാൾക്കു കൈമാറുന്നതും വിജിലൻസ് സംഘം കയ്യോടെ പിടികൂടി. 5000 രൂപയാണു കണ്ടെടുത്തത്. രണ്ടു മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് കസേരയ്ക്കടിയിൽ പണം കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപകമായ തോതില്‍ അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു.

പണം കൂടാതെ സമ്മാനമായി കൈപ്പറ്റിയ പഴങ്ങൾ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫിസ് മുറിയുടെ പല ഭാഗങ്ങളിലുമായി കണ്ടെടുത്തു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.സുരേഷ്, ഓഫിസ് അസിസ്റ്റന്റ് സന്തോഷ് എന്നിവരാണു ജോലിയിൽ ഉണ്ടായിരുന്നതെന്നു വിജിലൻസ് അധികൃതർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.പി.സുജിത്, സ്റ്റേറ്റ് ടാക്സ് ഓഫിസർ പി.മനോജ്, വിജിലൻസ് എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ആർ.രമേഷ്, പി.പ്രമോദ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.