അച്ഛന് ജയന്റെ മരണം വലിയ ഷോക്കായിരുന്നു, നിരവധി താരങ്ങൾ അഭിനയിച്ച സിനിമ പരാജയപ്പെട്ടു- വിജയ് ബാബു

അനശ്വര നടൻ ജയന്റെ അകാലമരണത്തിനുശേഷം കുടുംബത്തെ സഹായിക്കാനായി അച്ഛൻ സിനിമ നിർമ്മിച്ച ഓർമ്മകൾ ഓർത്തെടുത്ത് വിജയ് ബാബു. ജയനും അച്ഛനും ഒന്നിച്ചു പഠിച്ചവരാണ്. ജയന്റെ മരണം ഞങ്ങൾക്ക വലിയ ഷോക്ക് ആയിരുന്നുവെന്നാണ് വിജയ് ബാബു പറയുന്നത്. വാക്കുകൾ,

കൂട്ടുകാരന്റെ ഓർമയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി സൂര്യൻ എന്ന പേരിൽ ഒരു സിനിമ നിർമിക്കാൻ അച്ഛൻ തീരുമാനിച്ചു. ജയന്റെ അനുജൻ അജയനെ അഭിനയിപ്പിക്കാൻ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂർണിമ ജയറാമും ഉൾപ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു. അന്നാണ് ആദ്യമായി ക്യാമറ കാണുന്നത്. അച്ഛന് ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് തങ്ങൾക്ക് മൂകാംബിക എന്ന പേരിൽ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോൾ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ആ സിനിമയിൽ സുകുമാരൻ ചേട്ടന്റെ കുട്ടിക്കാലം താനാണ് അഭിനയിച്ചത്.

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങൾ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളിൽ നിന്നിറങ്ങിപ്പോരാൻ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി. വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകൾ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേർ അയച്ച ഫോട്ടോകൾ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി. എന്നാൽ വലിയ മുതൽമുടക്കിൽ ചെയ്ത ആ സിനിമ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒറ്റ സിനിമയേ അച്ഛൻ നിർമിച്ചിട്ടുള്ളൂ