കൈക്കുഞ്ഞിന്റെ രക്ഷകനായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇനി ഓർമ്മ

കേരളത്തെ ഒന്നടങ്കം നടക്കിയ പ്രളയമായിരുന്നു 2018ലേത്. നിരവധി ആളുകളാണ് സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു മുഖമാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീതിന്റേത്. വെള്ളം കയറിയ വീട്ടിൽ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ഫയർ ഫോഴ്സ് ജീവനക്കാരനായ വിനീതിന്റെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളികൾ ഒന്നടങ്കം ആ ചിത്രത്തെ പുകഴ്ത്തിയിരുന്നു. ആ കൈക്കുഞ്ഞിനെക്കൂടാതെ അനേകം പേരെ വിനീത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയിരുന്നു.

കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീത് ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കൊല്ലത്തുനിന്ന് ജോലിസ്ഥലമായ തിരുവല്ലയിലേക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വിനീത് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വിനീതിൻറെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകനും ഉണ്ട്.

ആറ് വർഷമായി തിരുവല്ല അഗ്നിരക്ഷാനിലയത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. കോവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു. നാടിനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ് മനുഷ്യ സ്നേഹിയായ ആ ചെറുപ്പക്കാരന്റെ മരണം