പെരുമാറ്റ ചട്ട ലംഘനം, പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. മാതൃക പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വാട്‌സ്ആപ്പിലൂടെയാണ് വികസിത് ഭാരത് സന്ദേശം അയച്ചിരുന്നത്. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമാണ് വിലക്കിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തവിനിമയ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പ്പ് എന്ന സന്ദേശം തടയണമെന്ന് ആവശ്യപ്പെട്ടത്. മോദിയുടെ സന്ദേശം പെരുമാറ്റ ചട്ടലംഘനമാമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വ്യക്തികളുടെ ഫോണ്‍ നമ്പര്‍ എടുത്ത് രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.