സാധാരണക്കാരെ പിഴിയുന്ന സ്വകാര്യ ആശുപത്രികള്‍, അനുഭവ കുറിപ്പ്

ചെറിയൊരു പനിയോ ജലദോഷമോ വന്നാല്‍ പോലും സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ചെറുതായിട്ടും വലുതായിട്ടും നിരവധി സ്വകാര്യ ആശുപത്രികളാണ് കൂണ് പോലെ പൊങ്ങി വരുന്നത്. ഇവിടെ എത്തുന്ന രോഗികളെ പിഴിയുന്നതാണ് ആശുപത്രി മാനോജ്‌മെന്റുകളുടെ സമീപനം. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ പോയ ഒരാളുടെ അനുഭവമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.

ഓരോ ടെസ്റ്റിനും മരുന്നിനുമൊക്കെയായി വലിയ തുകയാണ് വാങ്ങുന്നത്. അപ്പോള്‍ പിന്നെ ഒരു സര്‍ജറിക്ക് പറയേണ്ട കാര്യമില്ലല്ലോ.
ഓരോ ചെറിയ മുറിവിനും ലക്ഷങ്ങള്‍ പിഴിഞ്ഞുവാങ്ങുമ്പോള്‍ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. ാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം. നമ്മളാരും പിറവിയെടുത്തപ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. തിരിച്ചങ്ങു പോകുമ്പോളും ഒന്നും കൊണ്ടുപോകുന്നുമില്ല.- അധ്യാപകന്‍ കുറിച്ചു.

അധ്യാപകന്റെ കുറിപ്പിങ്ങനെ;

കൊന്ന് കൊലവിളിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകള്‍.

പ്രവിത്താനം: രാമപുരം സബ്ജില്ലയിലെ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. കലോത്സവത്തിരക്കിലായിരുന്ന എന്റെ മൊബൈലില്‍ 12.45 ആയപ്പോളേക്കും സ്‌കൂളില്‍ നിന്നും വാ ന്റെ ഒരു കോള്‍ വന്നു. ഉടന്‍ സ്‌കൂളിലോട്ട് എത്തണമെന്നും ഓടിയപ്പോള്‍ തെന്നിവീണ് ടൈലിന്റെ അരത്തില്‍ 6ല്‍ പഠിക്കുന്ന അലന്റെ കാല്‍ മുറിഞ്ഞെന്നും പറഞ്ഞപ്പോള്‍ ടീച്ചറിന്റെ ശബ്ദം ഇടറിയിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നതിനാല്‍ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. സഹപ്രവര്‍ത്തകനെയും കൂട്ടി അടുത്തുള്ള പ്രവിത്താനത്തെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. നല്ല സമീപനം. കുട്ടിയുടെ വീട്ടുകാര്‍ അപ്പോഴേയ്ക്കും ഹോസ്പിറ്റലില്‍ എത്തിയിരുന്നു. ഡോക്ടറുമായി സംസാരിച്ചപ്പോള്‍ മുറിവ് ആഴത്തില്‍ ഉള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് സര്‍ജറി ചെയ്യണമെന്ന് കൂടി അറിയിച്ചു. അനസ്‌തേഷ്യ കൊടുക്കുന്നത് മറ്റൊരു ഡോക്ടര്‍ ആയതിനാല്‍ സമയം അറിയിക്കാമെന്നും പറഞ്ഞു ഞങ്ങളെ (കുട്ടിയുടെ അമ്മയും, അച്ഛനും, ഞാനും) ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. മുപ്പത്തയ്യായിരം രൂപ അടച്ചാല്‍ ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്താമെന്ന് നേഴ്‌സ് അറിയിച്ചു. (മരുന്നിന്റെയും റൂമിന്റെയും ഉള്‍പ്പെടുത്തതെയാണ്) കുറഞ്ഞത് അന്‍പതിനായിരം രൂപ അവിടെ ചിലവ് വരുമെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് രക്ഷകര്‍ത്താകളുടെ സമ്മതത്തോടെ മെഡിക്കല്‍കോളേജിലേക്ക്. ഓ ന്റെ നാത്തൂന്‍ അവിടെയായതിനാല്‍ വിളിച്ചു കാര്യം പറഞ്ഞു. പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ ഒന്ന് കാണിച്ചിട്ട് പോരെ എന്നു പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിലെ ആര്‍.എം.ഒ ഡോക്ടര്‍ മഞ്ചു വിനെ കാണിച്ചു. എങ്ങോട്ടും പോകണ്ട. ഇത്ര പേടിക്കാനൊന്നുമില്ല ഇത് ഇവിടെ ചെയ്യാമെന്ന് പറഞ്ഞു 20 മിനിറ്റ് കൊണ്ട് ഡോക്ടര്‍ തുന്നിക്കെട്ടി. വേദന കൊണ്ട് പുളയുന്ന അലനെ സമാധാനിപ്പിച്ചു ഞാനും അവിടെ നിന്നു. 4 തരത്തിലുള്ള മരുന്നുകളും സൗജന്യമായി കിട്ടി. ഒന്നിനും പുറത്തു പോകേണ്ടിവന്നില്ല. ആകെ 5 രൂപയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. അഡ്മിറ്റ് ചെയ്യാനുള്ള ഒന്നുമില്ല എന്നും വീട്ടില്‍ പോയി 2 ദിവസത്തിന് ശേഷം സ്‌കൂളില്‍ പൊക്കോ അവന്റെ ക്ലാസ് മുടക്കണ്ട എന്നും പറഞ്ഞിട്ട് ഡോക്ടര്‍ ക്യാഷ്വാലിറ്റിയിലേക്ക് ചെന്നപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്ന രോഗികളുടെ എണ്ണം പതിന്മടങ്ങ് ഇരട്ടിയായിരുന്നു.

ഓരോ ചെറിയ മുറിവിനും ലക്ഷങ്ങള്‍ പിഴിഞ്ഞുവാങ്ങുമ്പോള്‍ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം. നമ്മളാരും പിറവിയെടുത്തപ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. തിരിച്ചങ്ങു പോകുമ്പോളും ഒന്നും കൊണ്ടുപോകുന്നുമില്ല.

അഡ്മിറ്റ് ചെയ്യാതെ…ഓപ്പറേഷന്‍ ചെയ്യാതെ വേറെ വഴിയില്ല എന്നു പറഞ്ഞ ഡോക്ടര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു. പാലാ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മഞ്ചുവിന് ഹൃദയത്തില്‍ ചേര്‍ത്ത് കൊണ്ട് ഒരായിരം നന്ദി. ആരെയും മോശമാക്കാന്‍ വേണ്ടിയല്ല ഞാനിത് പോസ്റ്റ് ചെയ്യുന്നത്. അറിയാതെ ആരും ചതിക്കുഴിയില്‍ വീഴരുതെന്ന് മാത്രം.

അധ്യാപകന്റെ അനുഭവം