വിഷു ദിനത്തിലും മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്. കേരളത്തെ വിടാതെ ഒപ്പം തുടരുകയാണ് മഴ. മധ്യ തെക്കൻ കേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരപ്രദേശത്തും നല്ല മഴ കിട്ടി.

കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിലും ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലേമൂല പടശേഖരത്ത് മട വീണു. 110 ഏക്കർ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് ഇന്ന് പുലർച്ചെ മടവീഴ്ച ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

അടുത്ത മണിക്കൂറുകളിൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കിഴക്കൻ മേഖലകളിൽ മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെ ഉച്ചയോട് കൂടി മഴ കനത്തേക്കാം. അതായത് വിഷു ദിനം മഴയിൽ കുതിർന്നേക്കാം എന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ, കിഴക്കൻ മേഖലയിലായിരിക്കും മഴ കിട്ടുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.