വിഴിഞ്ഞം സമരം: സര്‍വ്വകക്ഷി യോഗവും ചർച്ചയും പരാജയം, സമരം സംസ്ഥാന വ്യാപകമാക്കാൻ നീക്കം

തിരുവനന്തപുരം.വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും ചർച്ചയും തീർത്തും പരാജയം. യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഴിഞ്ഞം പ്രശ്‌നം ചർച്ച ചെയ്യുന്നതിന് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്‌ടറേറ്റിൽ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിയുകയായിരുന്നു.

സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ അപലപിക്കുകയും തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സമരസമിതി പ്രതിനിധികൾ ഇതിനെ എതിര്‍ക്കുകയും സ്വഭാവിക പ്രതികരണമാണ് ഞായറാഴ്ച ഉണ്ടായതെന്നും ആണ് പറഞ്ഞത്. പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടതായി മന്ത്രി ജി.ആർ അനിൽ തുടർന്ന് അറിയിച്ചു. അതേ സമയം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ലെന്നാണ് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. ആക്രമണം അനുവദിക്കാനാവില്ലെന്ന് സർക്കാർ സമരസമിതിയെ അറിയിച്ചു. സർവകക്ഷിയോഗത്തിന്റെ സ്‌പിരിറ്റ് സമരസമിതി ഉൾക്കൊള‌ളുമെന്നാണ് പ്രതീക്ഷയെന്ന് യോഗശേഷം മന്ത്രി പറഞ്ഞു.

സർവകക്ഷിയോഗത്തിന്റെ ഫലം എന്താണെന്ന് അറിയില്ലെന്നാണ് മോൺ. യൂജീൻ പെരേര പറഞ്ഞത്. സംഭവത്തെ യോഗത്തിൽ പങ്കെടുത്തവരെല്ലാം അപലപിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സമരം അവസാനിക്കുമോ എന്ന കാര്യം അറിയില്ലെന്നാണ് ആനാവൂർ നാഗപ്പൻ പറഞ്ഞത്. അതേസമയം, സമരം നാലാം ഘട്ടത്തോടെ സംസ്ഥാന വ്യാപകമാക്കാൻ ആലോചിക്കുകയാണെന്നു മോൺ. യൂജീൻ പെരേര പറഞ്ഞിട്ടുണ്ട്.

വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടായാൽ നടപടിയെടുക്കാന്‍ കോടതിയുടെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ക്രമസമാധാനം ഉറപ്പാക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.