അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; ‘പോരാളി ഷാജി’ക്കെതിരേ പരാതിയുമായി വി എം സുധീരന്‍

തിരുവനന്തപുരം: ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’ക്കെതിരേ പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം ഉപയോഗിച്ച്‌ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയാണ് സുധീരന്‍ ഡിജിപിക്കും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയത്.

പോരാളി ഷാജി, എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി എന്നീ പേജുകളിലൂടെ സുധീരന്റെ പ്രസ്താവനകള്‍ എന്ന പേരിലാണ് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇത് യഥാര്‍ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.