സിൽവർലൈൻ പദ്ധതി വിദഗ്ദ്ധാഭിപ്രായങ്ങൾ പരിഗണിച്ച് മാത്രമേ നടപ്പാക്കൂ; വൃന്ദാ കാരാട്ട്

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള‌ള വികസനമാണ് പാർട്ടി നിലപാടെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമല്ല ഉണ്ടായതെന്നും ട്വന്റി20 അടക്കമുള‌ള പാ‌ർട്ടികൾ കോൺഗ്രസിനെ സഹായിച്ചത് വ്യക്തമാണെന്നും സിൽവർലൈൻ പദ്ധതി വിദഗ്ദ്ധാഭിപ്രായങ്ങൾ പരിഗണിച്ച് മാത്രമേ നടപ്പാക്കൂവെന്നും വൃന്ദാ കാരാട്ട് കോഴിക്കോട് പറഞ്ഞു.

ഉമാ തോമസിനെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരം സൈബർ ആക്രമണങ്ങൾക്കും ട്രോളുന്നതിനും എതിരാണ് സിപിഎം എന്ന് വൃന്ദാ കാരാട്ട് വ്യക്തമാക്കി.

എന്നാൽ തൃക്കാക്കരയിലെ പരാജയത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നടന്നത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണെന്നും സർക്കാരിന്റെ പ്രകടനം വിലയിരുത്താനുള‌ള തിരഞ്ഞെടുപ്പല്ലെന്നും വൃന്ദാ കാരാട്ട് അറിയിച്ചു. ഏറ്റത് അപ്രതീക്ഷിത തോൽവിയാണെന്നും പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയതായും മറ്റൊരു പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബി പ്രതികരിച്ചു.