തമ്പ്രാൻ്റെ എഴുന്നെള്ളത്തിൻ്റെ ഹോൺ മുഴങ്ങുമ്പോഴേക്കും വഴിയൊരുക്കാനായി വലിച്ചിഴച്ച് മാറ്റപ്പെടുന്ന അടിസ്ഥാന ജനതയുടെ പ്രതിനിധിയാണ് ​ഗോമതി: വി.ടി ബൽറാം

മുല്ലപെരിയാറും ഉരുൾപൊട്ടലും വരുമ്പോൾ മാത്രം കേരളത്തിലെ മാധ്യമ ശ്രദ്ധനേടുന്ന ഇടമായി മാറായിരിക്കുകയാണ് മൂന്നാർ. മൂന്നാറിലെ ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ കഥകൾ ഇപ്പോഴും മലയാളികൾക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല. പെട്ടമുടിയിലെ ഉരുൾപൊട്ടി നിരവധി ജീവൻ പൊലിഞ്ഞപ്പോൾ മൂന്നാർ വീണ്ടും ശ്രദ്ധാ കേന്ദ്രമായി. ഇതിനിടയിൽ കരിപ്പൂർ വിമാനപകടം ഉണ്ടായപ്പോൾ മൂന്നാറിനെ മുഖ്യധാരാ മാധ്യമങ്ങൾ ഒതുക്കിയതും നാം കണ്ടു. നിരിവധി പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ പെട്ടിമുടി സന്ദർശിക്കാനായി കേരളത്തിന്റെ മുഖ്യമന്ത്രിയും നിർബന്ധിതനായി.

മുഖ്യമന്ത്രി ഇന്ന് പെട്ടിമുടി സന്ദർശിച്ചപ്പോൾ ലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ‘പൊമ്പിളൈ ഒരുമൈ സമരം’ നേതാവ് ഗോമതി നടുറോഡിൽ സമരമിരിക്കുകയും ചെയ്തു. ഈ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. കേരളത്തിലെ ഐതിഹാസിക സമരങ്ങളുടെ കൂട്ടത്തിൽ എക്കാലവും ഓർക്കപ്പെടുന്ന ഒന്നായിരുന്നു ഗോമതിയുടെ നേത്യത്വത്തിൽ നടന്ന ‘പൊമ്പിളൈ ഒരുമൈ സമരം’. ലയങ്ങളിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്നതായിരുന്നു അവർ മുന്നോട്ടു വച്ച പ്രധാന ആശയം. എന്നാൽ അന്ന് അവർ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഇന്നും പരിഹാരമായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ പെട്ടിമുടി സന്ദർശിച്ചപ്പോൾ ലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതി നടുറോഡിൽ സമരമിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ ഇവരെ റോഡിൽ നിന്നും പൊലീസ് പിടിച്ചുമാറ്റുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു. ലയത്തിലുള്ളവരുടെ ജീവിതം ദുരിതത്തിലാണെന്നും അവർക്ക് സുരക്ഷിതമായ പാർപ്പിടമൊരുക്കണമെന്ന് അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഗോമതി വിഡിയോയിൽ പറയുന്നുണ്ട്. ഈ ദ്യശ്യങ്ങൾ വിടി ബൽറാം എംഎൽഎയും ഷെയർ ചെയ്തു.

അദ്ദേഹം ഫേസ്ബുക്കിലൽ കുറിച്ചത് ഇങ്ങനെയാണ്- നാൻ അവരെ പാക്കണും, നാൻ എന്തിരിക്ക മാട്ടേൻ, ഗോമതി അക്ക. തമ്പ്രാൻ്റെ എഴുന്നെള്ളത്തിൻ്റെ ഹോൺ മുഴങ്ങുമ്പോഴേക്കും വഴിയൊരുക്കാനായി വലിച്ചിഴച്ച് മാറ്റപ്പെടുന്ന അടിസ്ഥാന ജനതയുടെ പ്രതിനിധിയെന്നാണ് ബൽറാം ​ഗോമതിയെ വിശേഷിപ്പിച്ചത്.

​ഗോമതി വീഡിയോയിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു. മുഖ്യമന്ത്രി ഇന്ന് പെട്ടിമുടിയിൽ വന്നിട്ടുണ്ട്. ഇപ്പോഴും 84 ജീവനുകൾ മണ്ണിനടിയിലാണ്. എനിക്ക് എന്തുസംഭവിച്ചാലും പ്രശ്നമില്ലെന്നും ​ഗോമതി പറയുന്നു. ദേവികുളം പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത് ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ്. ആരുടെയും പിന്തുണയില്ലാത്തതിനാൽ ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ലെന്നുമുള്ള ആരോപണവും ​ഗോമതി തുറന്നു പറയുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാതെ ഇവിടം വിട്ടുപോകില്ല. എത്രയോ തവണ എല്ലാവരോടും പറഞ്ഞതാണ്. ഇക്കാര്യങ്ങളെല്ലാം നമുക്ക് അധികാരികളോട് ചോദിക്കണമെന്നും നിലപാട് ഉറച്ച ശബ്ദത്തിൽ ​ഗോമതി പറഞ്ഞു.

എന്നാല്‍, അന്ന് പൊമ്പിളൈ ഒരുമൈ സമരത്തിൽ ഉണ്ടായിരുന്നവർ പോലും സഹകരിക്കാൻ തയാറായില്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയെന്നും ​ഗോമതി ഓർത്തെടുത്തു. ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞതാണ്. പക്ഷേ, തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ അദ്ദേഹം കയ്യൊഴിഞ്ഞു. കൂലിക്ക് വേണ്ടി പോരാട്ടം നടത്തിയ പൊമ്പിളൈ ഒരുമൈയിലെ ആയിരക്കണക്കിന് സ്ത്രീകളെ സിപിഎം നേതാവ് എം.എം. മണി മോശമായ രീതിയില്‍ ചിത്രീകരിച്ച് അപമാനിച്ചു. ഇത് ഒരു പെട്ടിമുടിയാണ്. ഇങ്ങനെ ആയിരം പെട്ടിമുടികളുണ്ട് ഇവിടെ. തങ്ങൾ ഉൾപ്പെടുന്ന തോട്ടം തൊഴിലാളികളുടെ നിസ്സായക അവസ്ഥയാണ് ​ഗോമതി പറഞ്ഞു തീർത്തത്. സർക്കാർ ഇവർക്ക് അനുവദിച്ച പുനരധിവാസ പാക്കേജുകൾ പാലിക്കപ്പെടുമോ എന്നത് ഇനി കണ്ടറിയേണ്ട ഒന്നു തന്നെയാണ്.

 

https://www.facebook.com/gomathi.gomathi.982292/videos/1044896882598361