സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്ത തീരുമാനം ചരിത്രപരം, സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്നും നിലവാര മില്ലെന്നും പറഞ്ഞ് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലുകള്‍ക്ക് അവര്‍ഡ് നല്‍കാത്ത തീരുമാനത്തെ പിന്തുണച്ച് സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി. ജൂറിയുടെ തീരുമാനം ചരിത്രപരമാണെന്നും ധീരമായ ഈ തീരുമാനം എടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാരിനും അഭിനന്ദനങ്ങളും സംഘടന ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഡബ്ല്യു.സി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ’29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേര്‍ക്കുന്നു.

ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ല്യു.സി.സിയുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്.

കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ല്യു.സി.സി അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.’