കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടത് – പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം. ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വർഷങ്ങൾക്ക് ശേഷമാണ്. അതായത് ആഭ്യന്തമന്ത്രിയായ പിണറായിയുടെ കഴിവുകേടാണ് – പി.കെ. കൃഷ്ണദാസ് പറയുന്നു.

ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയൻ. വിഴിഞ്ഞം സംഭവത്തിലൂടെ വീണ്ടും തെളിയുന്നത് പിണറായി സർക്കാർ ഭൂലോക തോൽവിയാണെന്നാണ്. വിഴിഞ്ഞത്ത്‌ പിണറായി പോലീസ് അഴിഞ്ഞാടിയ സംഭവത്തിൽ രൂക്ഷ വിമർശനം നടത്തുകയാണ് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.

സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമായതാണ് വിഴിഞ്ഞം കലാപത്തിന് കാരണം. കലാപകാരികൾക്ക് മുമ്പിൽ കൈകെട്ടി നിൽക്കുന്ന പൊലീസ് കേരളത്തിന് നാണക്കേടാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിവില്ലെങ്കിൽ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തയ്യാറാവണം. കലാപം നടക്കുമ്പോൾ ചർച്ച നടത്തുകയല്ല കലാപം അടിച്ചമർത്തുകയാണ് വേണ്ടത്. സമരക്കാരും സർക്കാരിലെ ഒരു വിഭാഗവും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയമുണ്ട്. വിഴിഞ്ഞത്ത് രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. 144 പ്രഖ്യാപിക്കണ്ടായെന്ന് കളക്ടർ പറ‍ഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം – പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ശബരിമല പ്രക്ഷോഭ സമയത്ത് നാമം ജപിച്ചവരെ പോലും ക്രൂരമായി തല്ലിചതച്ച പൊലീസാണ് കേരളത്തിലുള്ളത്. വിഴിഞ്ഞത്ത് കലാപം നടത്തിയവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, വിഴി‍ഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്‌ വന്നിരുന്നു. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാൻ കാരണം.

സർക്കാരിലെ ഒരു വിഭാഗം സമരക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ചിലർ ജനങ്ങൾക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സർക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ കൺമുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാർ സമരത്തെ എതിർക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.