ഭർത്താവിന് പണം നൽകാൻ മോഷണം നടത്തിയ ഭാര്യമാർ പിടിയിൽ

ബസിലെ യാത്രയ്ക്കിടയിൽ മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പണംതട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാം ഭാര്യ ചിത്രയുമാണ് റേസ്‌കോഴ്സ് പോലീസിന്റെ പിടിയിലായത്. സിങ്കാനല്ലൂർ സ്വദേശി കലൈസെൽവിയുടെ എടിഎം കാർഡാണ് മോഷണംപോയത്.

ഞായറാഴ്ച അമ്മയോടൊപ്പം ബസിൽ വരികയായിരുന്ന കലൈസെൽവി സർക്കാർ വനിതാ പോളിടെക്നിക് കോളേജ് സ്റ്റോപ്പിലിറങ്ങി. പണമെടുക്കാനായി എടിഎം കാർഡ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അപ്പോൾത്തന്നെ മൊബൈലിൽ 84,000 രൂപ പിൻവലിച്ചതായുള്ള സന്ദേശവും ലഭിച്ചു.

കലൈസെൽവി നിന്നസ്ഥലത്തിനു തൊട്ടടുത്ത എടിഎമ്മിൽനിന്നാണ് പണം വലിച്ചതെന്നറിഞ്ഞതോടെ അവിടേക്ക് ഓടിയെത്തിയപ്പോൾ രണ്ടുസ്ത്രീകൾ പണവുമായി ഇറങ്ങുന്നതുകണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ ഇരുവരെയും തടഞ്ഞുനിർത്തിയശേഷം പോലീസിനെ വിളിച്ചുവരുത്തി. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർ‌ത്താവിന് ചിലവിന് നൽകുവനാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പറ‍ഞ്ഞു.