പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി

തൃശൂര്‍: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു. കരയിലെത്തിയതിന് പിന്നാലെ ആന കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു. കിണറിടിച്ച ശേഷമാണ് ആനയെ പുറത്തെത്തിച്ചത്. അതിനുശേഷം ജനവാസമേഖലയില്‍ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് ആനയെ തുരത്തുകയും ചെയ്തു.

അതേസമയം ആനയെ മയക്കുവെടി വയ്ക്കാത്ത വനം വകുപ്പിന്റെ നടപടിയില്‍ ജനം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക് പോകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍ ആനയ്ക്ക് പരിക്കേറ്റതിനാല്‍ അതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

നേരത്തെ ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിക്കുകയും ചെയ്തിരുന്നു.

ആനയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് മയക്കുവെടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നിഗമനം. ആനയെ പുറത്തെത്തിക്കാന്‍ കിണര്‍ ഇടിക്കേണ്ടി വന്നതിനാല്‍, കിണര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കും. ആന കിണറ്റില്‍പ്പെട്ടതിനെ തുടര്‍ന്ന് നാലുവാര്‍ഡുകളില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും, ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.