ഉപതിരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കും; തെരുവിൽ രാഹുൽ ഗാന്ധിക്കായി പ്രതിഷേധിക്കും- എംവി ഗോവിന്ദൻ

ന്യൂഡല്‍ഹി. രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ വയനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഉണ്ടായാല്‍ എല്‍ഡിഎഫ് മത്സരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തില്‍ രാഹുലിനായി തെരുവില്‍ പ്രതിഷേധിക്കും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കോടതി വിധി അന്തമമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഉപതിരഞ്ഞെടുപ്പ് സംഭവിച്ചാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന് രാഹുല്‍ എന്നും ഒരു തലവേദനയാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വേട്ടയാടുന്നത്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും കെ സുധാകരന്‍ പറഞ്ഞു. രാജ്യത്തിന്റെ നിയമചരിത്രത്തില്‍ ഇത്തരം ഒരു വിധി ആദ്യമായിട്ടാണ്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.