ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ കാണാനില്ല

തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശിനിയായ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഗായത്രി മരിച്ച വിവരം ഹോട്ടല്‍ ജീവനക്കാര്‍ അറിഞ്ഞത്. തുടർന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും. അതിനിടെ പ്രവീൺ പുറത്തുപോയത് ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. രാത്രി പന്ത്രണ്ടു മണിയോടെ ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് ഗായത്രി മരിച്ചതായുള്ള വിളി വരികയായിരുന്നു. ഈ സമയത്താണ് പ്രവീൺ മുറിയിലില്ലെന്ന് ജീവനക്കാർ അറിയുന്നത്. പ്രവീണിന്റെ സുഹൃത്തെന്ന് പറഞ്ഞ് വിളിച്ചയാളാണ് മുറിയിൽ ഗായത്രി മരിച്ചു കിടക്കുകയാണ് എന്ന വിവരം അറിയിച്ചത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി.

വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. നേരത്തേ ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു