സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ 25 വർഷത്തിനു ശേഷം കണ്ട പഴയ കാമുകനൊപ്പം യുവതി നാട് വിട്ടു

പ്രതീകാത്മ ചിത്രം

കണ്ണൂര്‍ . 25 വർഷത്തിന് ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ യുവതി പഴയകാല കാമുകനോടൊപ്പം നാട് വിട്ടു. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം നടന്നിരിക്കുന്നത്. 41 കാരിയായ വീട്ടമ്മയാണ് സ്കൂളിൽ പഠിക്കുന്ന കാലത്തെ പഴയ കാമുകനൊപ്പം നാടുവിട്ടതെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ശനിയാഴ്ചയാണ് സ്‌കൂളിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ വീണ്ടും കണ്ടുമുട്ടുകയായിരുന്നു. വീട്ടമ്മ മുന്‍സഹപാഠിയുമായി ഏറെ നേരം സംസാരിച്ചിരുന്നു. വീണ്ടും അവർ അടുപ്പത്തിലാവുകയും ഇരുവരും നാടുവിടുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

പട്ടുവം സ്വദേശിനിയായ വീട്ടമ്മയാണ് മുന്‍സഹപാഠിക്കൊപ്പം നാടുവിട്ടിരിക്കുന്നത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനായി പോയ ഭാര്യ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭര്‍ത്താവ് പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പട്ടുവത്ത് തന്നെയുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത യുവാവിനെയും കാണാനില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരും മലപ്പുറത്തുള്ളതായി അറിയാൻ കഴിഞ്ഞതാ യാണ് വിവരം. ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് നടത്തി വരുകയാണ്.