ശ്വാസനാളത്തില്‍ കുടുങ്ങിയ വിസിലുമായി സ്ത്രീ ജീവിച്ചത് നീണ്ട 25 വര്‍ഷം; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ശ്വാസനാളത്തില്‍ വിസിലുമായി സ്ത്രീ ജീവിച്ചത് നീണ്ട 25 വര്‍ഷം. പതിനഞ്ചാം വയസ്സില്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോവുകയായിരുന്നു. എന്നാലിത് ശ്വാസനാളത്തിലെത്തി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് സ്ത്രീയോ രക്ഷിതാക്കളോ അറിഞ്ഞില്ല. പിന്നീട് പലവിധത്തിലുള്ള അസ്വസ്ഥതകള്‍ അലട്ടിയിരുന്നുവെങ്കിലും കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. വിട്ടുമാറാത്ത ചുമയും മറ്റ് ബുദ്ധിമുട്ടുകളും ആസ്തമാരോഗത്തിന്റെ ലക്ഷണങ്ങളായാണ് കരുതിയിരുന്നത്. ഇതിനും മരുന്നും കഴിച്ചുവരികയായിരുന്നു.

എന്നാല്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ചുമ ശക്തമായതോടെ തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെനിന്ന് യുവതിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിലാണ് ശ്വാസനാളിയില്‍ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചത്. ഉടന്‍ തന്നെ പള്‍മണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്‌കോപ്പിക്ക് സ്ത്രീയെ വിധേയയാക്കി.

ബ്രോങ്കോസ്‌കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിയോട് വീണ്ടും തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസിലെ സംഭവം അവര്‍ ഓര്‍ത്തെടുത്തത്. ഇത്രയും കാലം വിസില്‍ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിട്ടും മറ്റ് അപകടങ്ങളൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടതിന് നന്ദി പറയുകയാണ് ഈ നാല്‍പതുകാരി.