സജിത റഹ്‌മാന്‍ പ്രണയത്തില്‍ ആശങ്കയുണ്ട്, വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പാലക്കാട്: പ്രണയത്തിന്‍റെ പേരിലാണെങ്കില്‍ പോലും 10 വര്‍ഷം മുറിക്കുള്ളില്‍ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ ആശങ്കയുണ്ട്. ഈ നാളുകളില്‍ ഇവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്ബോള്‍ അങ്ങനെയാണ് മനസ്സിലാകുന്നത്.

പത്ത് വര്‍ഷത്തോളം ഒറ്റമുറിയില്‍ ഒളിച്ചുകഴിഞ്ഞ സജിതയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും നെന്മാറ പൊലീസിനോട് ഇക്കാര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമീഷന്‍ അംഗം ഷിജി ശിവജി ‘മാധ്യമം ഓണ്‍ലൈനി’നോട് പറഞ്ഞു.

ലോക്ഡൗണ്‍ കാലയളവില്‍ പോലും വീട്ടിലിരിക്കാന്‍ ആകാത്തവരാണ് സാധാരണക്കാര്‍. നീണ്ട 10 വര്‍ഷങ്ങളാണ് സജിത മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതല്‍ ഒരു പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമീഷന് ആശങ്കയുണ്ട്. സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാല്‍ പോലും കമീഷന് ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല.

പൊലീസിനോട് വിവരങ്ങള്‍ തിരക്കിയിരുന്നു. ഒരു തവണ കൗണ്‍സിലിങ് നല്‍കിക്കഴിഞ്ഞതായാണ് അവര്‍ അറിയിച്ചത്. ആവശ്യമെങ്കില്‍ ഇനിയും അത്തരം സഹായങ്ങള്‍ നല്‍കും. കര്‍ശനമായ ലോക്ഡൗണായതിനാലാണ് കമീഷന്‍ സജിതയെ സന്ദര്‍ശിക്കാത്തത്. ഉടന്‍തന്നെ സജിതയെ കാണും. അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കുമെന്നും ഷിജി ശിവജി മാധ്യമം ഓണ്‍ലൈനിനോട് പറഞ്ഞു.

അയിലൂരിലെ റഹ്‌മാന്‍റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നതുകൊണ്ടാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസിനോട് വ്യക്തമാക്കി. മൂന്നു മാസം മുമ്ബ് വീട് വിട്ടിറങ്ങി വിത്തിനശ്ശേരിയില്‍ വാടകവീടെടുത്ത് ഇവര്‍ താമസം തുടങ്ങിയിരുന്നു. റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്.