യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പനമരം: യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിത ഷെറിനാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. സംഭവത്തില്‍ സിദ്ദീഖിനെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പനമരത്ത് ബന്ധുവീട്ടില്‍ താമസത്തിന് എത്തിയപ്പോഴാണ് നിതയെ സിദ്ദീഖ് കൊലപ്പെടുത്തിയത്.

ഞായറാഴ്ച നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന്‍ അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ ദമ്പതികള്‍ എത്തിയത്. രണ്ട് വയസുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ താമസിച്ചത് വീടിന്റെ മുകളിലത്തെ മുറിയിലാണ്. രാത്രിയില്‍ നിതയെ കൊലപ്പെടുത്തിയ ശേഷം വിവരം സിദ്ദീഖ് കോഴിക്കോടുള്ള സഹോദരനെ അറിയിച്ചു. സഹോദരനാണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് വീട്ടിലെത്തി വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.