സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പവളവിലാണ് സംഭവം ഉണ്ടായത്. തിരൂര്‍ പുല്ലൂണി സ്വദേശിയായ കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ഷീബയാണ് അപകടത്തില്‍ പെട്ട് മരണത്തിന് കീഴടങ്ങിയത്.

ചെട്ടിപ്പടിയില്‍നിന്ന് കോഴിക്കോട് റോഡില്‍ കുപ്പിവളവില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി ഷീബ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഷീബ ലോറിയുടെ ടയറിന് അടിയില്‍ പെടുകയായിരുന്നു. തല്‍ക്ഷണം മരണവും സംഭവിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.