യുവതിപ്രവേശന വിധി: വിശ്വാസ സമൂഹത്തെ നെഞ്ചോട് ചേർത്ത ഇന്ദു മൽഹോത്ര ശബരിമല ദർശനത്തിനെത്തി

പത്തനംതിട്ട. ചരിത്രമായ ശബരിമല യുവതിപ്രവേശന വിധിയിൽ എതിർ അഭിപ്രായം രേഖപ്പെടുത്തി വിശ്വാസ സമൂഹത്തിനൊപ്പം നിന്ന സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി. വെള്ളിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയ ശേഷം ഇന്ന് രാവിലെയാണ് അവർ ദർശനം നടത്തിയത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ഇന്ദു മൽഹോത്ര. ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്ത് വിശ്വാസ സമൂഹത്തെ നെഞ്ചോട് ചേർത്തത്.

ഇന്ദു മൽഹോത്ര, പമ്പയിൽ നിന്നും ഡോളി മാർഗമാണ് സന്നിധാനത്ത് എത്തുന്നത്. പമ്പയിൽ നിന്ന് വെള്ളിയാഴ്ച രാത്രി ശബരിമലയിൽ എത്തിയ അവർ ദർശനം നടത്തി മേൽശാന്തിയിൽ നിന്ന് പ്രസാദവും സ്വീകരിച്ചു. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണ വിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു സുപ്രീംകോടതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങൾക്ക് നീതിക്ക് യുക്തമായി തീരുമാനമെടുക്കാനാവില്ലെന്നും ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയത്തിലൂടെയാണ് അവർ ശ്രദ്ധേയയാവുന്നത്.

ശബരിമല ദർശനം മാത്രമാണ് ലക്ഷ്യമെന്നും യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്നും അവർ ശബരിമലയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി ഉണ്ടായപ്പോൾ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബെഞ്ചിൽ ഇന്ദു മൽഹോത്ര മാത്രം എതിർ ന്യായമാണ് ഉയർത്തിയത്. രാജ്യത്തിന്‍റെ മതനിരപേക്ഷത മുൻനിര്‍ത്തി മതവിശ്വാസങ്ങളെ മാറ്റിയെഴുതരുത് എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഒരു മതം എന്താണ് പിന്തുടരേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ആ മതത്തിന്‍റെ അവകാശമാണെന്നും ഇന്ദു മൽഹോത്ര വിധി ന്യായത്തിൽ പ്രത്യേകം പറഞ്ഞിരുന്നു.

ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ഭിന്നാഭിപ്രായം അന്ന് ഏറെ ശ്രദ്ധപിടിച്ചു പറ്റി. അന്ന് ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്ന മറ്റ് നാല് ജഡ്ജിമാരുടേ അനുകൂല വിധിയെ ഇവർ എതിർക്കുകയായിരുന്നു. മറ്റ് നാല് ജഡ്ജിമാരും ചേര്‍ന്ന് സ്ത്രീപ്രവേശനത്തിൽ അനുകൂല വിധി പ്രസ്താവിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇവർ മാത്രമാണ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

അയ്യപ്പ ഭക്തന്മാരെ പ്രത്യേക മത വിഭാഗമായി കണക്കാക്കണമെന്നും വിശ്വാസികള്‍ക്ക് യുക്തിപരമല്ലാത്ത തീരുമാനങ്ങളുമാവാം എന്നും ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് രേഖപ്പെടുത്തി വ്യക്തമായ നിലപാട് കൈകൊണ്ടു. വിശ്വാത്തിന്‍റെ ഭാഗമായി ഇത്തരം വിവേചനങ്ങളാവാമെന്നുള്ളതായിരുന്നു ഇന്ദു മൽഹോത്ര അന്ന് അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ആഴത്തിലുള്ള വിശ്വാസങ്ങളില്‍ കോടതി ഇടപെടേണ്ടതില്ല – ഇന്ദു മൽഹോത്ര നിരീക്ഷിച്ചു. ഇന്ദു മൽഹോത്രയുടെ എതിരഭിപ്രായത്തെ കെെയടികളോടെയാണ് ലോകമെമ്പാടുമുള്ള വിശ്വാസികളും സംഘടനകകളും വരവേറ്റത്.