ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി; രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതി നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്.

സര്‍ക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു. സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. സഹായമെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. ഇവര്‍ ഉള്‍പ്പെടെ അന്‍പതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു.

രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പോലീസ് സ്വമേധയായും കേസെടുത്തു. പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു.