അയ്യനു മുന്നിൽ ഹരിവരാസനം പാടി യേശുദാസ്, പഴയ വീഡിയോ വീഡിയോ വൈറൽ

മണ്ഡല കാല പൂജക്കായി ശബരിമല നട തുറന്നത് കഴിഞ്ഞ ദിവസമാണ്. നിരവധി ഭക്തരാണ് ആദ്യ ദിവസം തന്നെ അയ്യപ്പനെ കാണാനെത്തുന്നത്. ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ് നടയയ്ക്കുമ്പോൾ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത് യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ്. ശബരിമലയിൽ ഹരിവരാസനം കേൾക്കുമ്പോൾ പ്രകൃതി പോലും നിശ്ചലമാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

ശ്രീകോവിലിന്റെ വാതിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ യേശുദാസിന്റെ സ്വരത്തിൽ ഹരിവരാസനം മുഴങ്ങും. ഇപ്പോഴിതാ അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടുന്ന യേശുദാസിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താൻ പാടിയ ഈ ഗാനത്തിൽ ‘അരിവിമർദനം നിത്യനർത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ‘അരിവിമർദനം നിത്യനർത്തനം’ എന്നത് അരി(ശത്രു), വിമർദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചു പാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗർ അയ്യപ്പൻകോവിലിൽ പാടാൻ പോയപ്പോൾ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാർത്തയായിരുന്നു.