രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്നൗ: രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം. സ്വകാര്യ കോളജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുപി സർക്കാർ അവധി പ്രഖ്യാപിച്ചു. അന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്നും സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ അന്നേ ദിവസം അടച്ചിടണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂർത്തം വന്നെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ് സോഷ്യൽമീഡിയയിൽ കുറിച്ചു. എല്ലാ സർക്കാർ കെട്ടിടങ്ങളും അലങ്കരിക്കണം. ജനുവരി 14 മുതൽ ശുചീകരണ കാമ്പയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ചൊവ്വാഴ്ച അയോധ്യയിൽ എത്തിയിരുന്നു. വിവിഐപികൾക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങൾ മുൻകൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗി നിർദേശിച്ചു.