ഷഹന ജീവനൊടുക്കിയത് സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയതിനാൽ

തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം. ​യുവതിയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. കോളജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ഷഹനയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാറ്റിലും വലുത് പണമാണ് എന്നും ഷഹന കുറിപ്പിൽ എഴുതിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ഷഹ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവ ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.

ഒപ്പം പഠിച്ച സുഹൃത്തുമായി ഷഹ്നയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിനായി യുവാവിന്റെ വീട്ടുകാർ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കില്ലെന്നറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ബന്ധുക്കൾ പറയുന്നു. 50 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഷഹനയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.