നടുക്കടലിൽ യുവാവ് 11 ദിവസം, പിന്നെ അത്ഭുതകരമായ രക്ഷപെടൽ Viral

അന്റലാന്റിക സമുദ്രത്തിൽ അപകടത്തിൽപ്പെട്ട ഒരു യുവാവ് ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥ ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. റൊമുവാൾഡോ മാസിഡോ റോഡ്‌റിഗസ് എന്ന 44 വയസുകാരനാണ് അത്ഭുതകരമായി പുതു ജന്മം കൈവന്നിരിക്കുന്നത്. ബോട്ട് മുങ്ങിയതിനെ തുടർന്ന് 11 ദിവസം ഫ്രീസറിലാണ് ഈ മനുഷ്യൻ ജീവിച്ചത്. വടക്കൻ ബ്രസീലിലെ അമപാ സംസ്ഥാനത്തിലെ ഒയാപോക്കിൽ നിന്ന് ജൂലൈ അവസാനമാണ് ബോട്ടിൽ ഇയാൾ ഇലെറ്റ് ലാ മേറിലേക്ക് പുറപ്പെടുന്നത്.

കുറച്ച് ദിവസം കടലിൽ മൽസ്യ ബന്ധനം നടത്താൻ റോഡ്‌റിഗസ് തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ കാറ്റിൽ റോഡ്‌റിഗസിന്റെ ബോട്ട് തകർന്ന് അതിലേക്ക് വെള്ളം കയറി. വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ ബോട്ടിലുണ്ടായിരുന്ന ഫ്രീസറിലാണ് ഇയാൾ കഴിഞ്ഞത്. 11 ദിവസം ഫ്രീസറിൽ കഴിഞ്ഞതോടെ 5 കിലോഗ്രാം കുറഞ്ഞെന്ന് അപകടത്തിൽപ്പെട്ട റോഡ്‌റിഗറസ് അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഫ്രീസറിൽ കഴിഞ്ഞപ്പോൾ വെള്ളം കിട്ടാതെ ഇരുന്നതാണ് ഏറ്റവും കൂടുതൽ റോഡ്‌റിഗസിനെ വലച്ചത്. രക്ഷപ്രവർത്തകർ റോഡ്‌റിഗസിനെ കണ്ടെത്തിയപ്പോൾ നിർജ്ജലീകരണം അനുഭവിച്ച് കീറിയ വസ്ത്രങ്ങളുമായിരുന്നു വേഷം. സൂര്യാഘാതമേറ്റ അദ്ദേഹം വെള്ളത്തിനായി രക്ഷാപ്രവർത്തകരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു.

‘കടലിൽ ധാരാളം സ്രാവുകൾ ഉണ്ടായിരുന്നതിനാൽ തന്നെ ആക്രമിക്കുവോ എന്ന ഭയമുണ്ടായിരുന്നു. ‘ഒരു ശബ്ദം കേട്ടാണ് കണ്ണ് തുറന്ന് നോക്കിയത്. ഫ്രീസറിന് മുകളിലായി ഒരു ബോട്ട് വന്ന് നിൽക്കുന്നത് കണ്ടു. അതിൽ ആരും ഇല്ല എന്നാണ് കരുതിയിരുന്നത്. പിന്നെ പതുക്കെ അവർ അടുത്ത് വന്നു. എന്റെ കാഴ്ച മങ്ങാൻ തുടങ്ങി. പിന്നെ ഞാൻ പറഞ്ഞു, ദൈവമേ, ബോട്ട്. ഞാൻ എന്റെ കൈകളുയർത്തി സഹായത്തിന് വേണ്ടി അഭ്യർത്ഥിച്ചു എന്നായിരുന്നു രക്ഷാപ്രവർത്തകരെ കണ്ട അവസ്ഥയെക്കുറിച്ച്’ റോഡ്‌റിഗസ് പറഞ്ഞത്.

കരയിലെത്തി പ്രാഥമിക ശുശ്രൂഷ എടുത്തതിൽ പിന്നെ തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിൽ രേഖകളില്ലാതെ പ്രവേശിച്ചതിന് റോഡ്‌റിഗസിനെ അറസ്റ്റ് ചെയ്തു. 16 ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.