മലപ്പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, മർദിച്ചിട്ടില്ലെന്ന് പൊലീസ്

മലപ്പുറം പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ(36) ആണ് മരിച്ചത്. പൊലീസ് മർദനമാണു മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പൊലീസിൽ ഹാജരായത്. പൊലീസ് സ്റ്റേഷനു പുറത്തുള്ള ഒരു കെട്ടിടത്തിൽ വച്ച് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഗുരുതരമായ ഹൃദ്രോഗമുള്ളയാളാണെന്നു സൂചിപ്പിച്ച ശേഷവും പൊലീസ് മർദനം തുടർന്നെന്ന് ഇവർ പറയുന്നു.

ഇതിനിടെ കുഴഞ്ഞുവീണ യുവാവിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.