റോഡിൽ നിന്ന വിദ്യാർഥിനിയെ എടുത്ത് നിലത്തിട്ടു; അയൽവാസി പിടിയിൽ

കാസര്‍കോട്. മഞ്ചേശ്വരത്ത് റോഡില്‍ നിന്ന മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനി. കുഞ്ചത്തൂര്‍ സ്വദേശി അബുബക്കര്‍ സിദ്ദിഖ് ആണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. വിദ്യാര്‍ഥിനിയുടെ അയല്‍വാസിയാണ് പ്രതി. ചൈല്‍ഡ് ലൈനിലും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

റോഡില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന കുട്ടിയെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇയാള്‍ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് എത്തിയശേഷമാണ് ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അമന്വേഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാറില്‍ ചാരി നിന്നു എന്ന് പറഞ്ഞ് കണ്ണൂരില്‍ കുട്ടിയെ യുവാവ് ആക്രമിച്ചത്.