മലക്കപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്, ആന കാര്‍ കുത്തി മറിക്കാന്‍ ശ്രമിച്ചു

തൃശൂര്‍. മലക്കപ്പാറയില്‍ കാട്ടാന കബാലിയെ പ്രകോപിപ്പിച്ച് യുവാവ്. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് വന്ന യുവാവ് ആനയുടെ അടുത്ത് ചെന്ന് ബഹളം വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ആനയുടെ ആക്രമണത്തില്‍ നിന്നും വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്. ആന വിനോദ സഞ്ചാരികള്‍ എത്തിയ കാര്‍ കുത്തി ഉയര്‍ത്താനും ശ്രമിച്ചു.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിനോദസഞ്ചാരികള്‍ അതിരപ്പള്ളി ഭാഗത്തുനിന്നും മലക്കപ്പാറയ്ക്ക് പോകുന്ന സമയത്താണ് കബാലി റോഡില്‍ ഇറങ്ങിയത്. റോഡിന് ഒരു വശത്ത് ആന നിന്നതോടെ വാഹനങ്ങള്‍ മുന്‍പോട്ടു പോകാതെ നിര്‍ത്തിയിട്ടു. ഈ സമയത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി. ആനയുടെ അടുത്തെത്തി ബഹളം വയ്ക്കുകയായിരുന്നു.

ആന കാറിനെ ആക്രമിക്കുന്ന സമയത്ത് കെഎസ്ആര്‍ടിസി ബസ് എത്തുകയും യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബഹളം വെച്ചതോടെയാണ് ആന പിന്മാറിയത്. അതേസമയം യുവാവിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.