യൂട്യൂബ് ദമ്പതികൾ ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് 80 ലക്ഷം രൂപ

ന്യൂഡല്‍ഹി. സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റികളാകുന്നവരുടെ തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച് വരുകയാണ്. ഡല്‍ഹിയില്‍ യൂട്യൂബര്‍ ദമ്പതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇവരുടെ കെണിയില്‍ പെട്ടത് ഒരു ബിസനസുകാരാണ്. ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ഗുരുഗ്രാം ജില്ലയിലെ ബാദ്ഷാപൂര്‍ സ്വദേശീയും പരസ്യ ഏജന്‍സി നടത്തുന്നയാളുമായ ബിസിനസുകാരനെയാണ് ദമ്പതികള്‍ കുരുക്കിയത്.

ഡല്‍ഹി സ്വദേശിയായ നാംറ ഖാദിര്‍ എന്ന യുവതിയാണ് ബിസിനസുകാരനുമായി അടുത്തത്. ജോലി സംബന്ധിച്ച കാര്യങ്ങള്‍ക്കായി എത്തിയ യുവതി ഇയാളില്‍ നിന്നും 2.50 ലക്ഷം വാങ്ങി. ഇതിന് ശേഷം ഇവര്‍ തമ്മിലുള്ള ബന്ധം വളര്‍ന്നു. എന്നാല്‍ പിന്നീടാണ് യുവതിയുടെ ഭര്‍ത്താവ് ഇവര്‍ തമ്മിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അറിയുന്നത്. ഇതോടെ ഭീഷണി ആരംഭിച്ചു.

ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് 80 ലക്ഷം തട്ടിയെടുത്തു. ഒടുവില്‍ പോലീസില്‍ സമീപിച്ച ഇയാള്‍ യുവതിക്കും ഭര്‍ത്താവിനും എതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയതോടെ ജാന്യത്തിനായി പ്രതികള്‍ കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി തള്ളി.