നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.

കൊച്ചി. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടന ഭാസിക്ക് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. താരത്തിനെതിരെയുള്ള ഒരു കേസിലും സംഘടന ഇടപെടില്ലെന്ന് നേരത്തെ നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 26-നായിരുന്നു അവതാരകയെ അപമാനിച്ച കേസിൽ ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരക ഉന്നയിച്ച പരാതി. യുവതിയുടെ മൊഴിയെടുത്ത ശേഷം സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ‍ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. സിനിമ നിർമാതാക്കളുടെ സംഘടനയുടേതായിരുന്നു തീരുമാനം. അതെസമയം സിനിമാമേഖലയിൽ ലഹരിമരുന്ന് ഉപയോഗം തുടരുകയാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നിർമാതാക്കളുടെ സംഘടന അപ്പോൾ ആവശ്യപ്പെട്ടിരുന്നു.

തന്നെ അപമാനിച്ചതിൽ ശക്തമായ നടപടി വേണമെന്ന് ഓൺലൈൻ മാധ്യമപ്രവർത്തക രേഖാമൂലം നൽകിയ പരാതിയിലാണ് നിർമാതാക്കൾ ശ്രീനിഥിനെതിരെ കടുത്ത നടപടി എടുത്തത്. ശ്രീനാഥ് തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞെങ്കിലും നടപടി ഒഴിവാക്കാനാകില്ല എന്ന് നിർമാതാക്കൾ വ്യക്തമാക്കുകയായിരുന്നു. ഡബ്ബിങ് പൂർത്തിയാക്കാനുള്ള നാല് ചിത്രവും ഷൂട്ടിങ് പൂർത്തിയാക്കാനുള്ള ഒരു ചിത്രവും കഴിഞ്ഞാൽ ശ്രീനാഥിന് തൽക്കാലം സിനിമയിൽ അവസരം ലഭിക്കില്ല എന്ന അവസ്ഥയിലായിരുന്നു. തുടർന്ന് പരാതിക്കാരിയുമായി നടന്ന ഒത്തു തീർപ്പിനെ തുടർന്ന് തുടർ നടപടികൾ അവസാനിപ്പിക്കുകയാണ് ഉണ്ടായത്.