12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, 2023 ജൂലായ് 28നാണ് ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ
സംഭവം ഉണ്ടായത്. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

കേസില്‍ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.

കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ വൈകാതെ തന്നെ പോലീസ് പിടികൂടി. എന്നല്‍ ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ജൂലായ് 29, ശനിയാഴ്ച രാവിലെയും അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.തുടര്‍ന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്.