ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്ത൦: ഇന്നലെ മാത്രം 15 മൃതശരീരങ്ങൾ; ഇതുവരെ സ്ഥിരീകരിച്ചത് 53 മരണം

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 53 ആയി. നദിയിലെ ജലനിരപ്പ് ഉയരുന്നതിനിടയിലും തുടരുന്ന തിരച്ചിലിൽ ഇന്നലെ മാത്രം 15 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. 153 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

തപോവൻ തുരങ്കത്തിനുള്ളിൽ 130 മീറ്ററോളം ദുരന്തനിവാരണ സേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി വൈകിയും റൈനി മേഖലയിൽ നിന്നും ആറ് മൃതദേഹം കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം ടണലിനകത്തു നിന്നും ഒരെണ്ണം നദിയിൽ നിന്നുമാണ് ലഭിച്ചത്. മനുഷ്യസാന്നിദ്ധ്യം മണത്ത് കണ്ടെത്താൻ ശേഷിയുള്ള നായകളുടെ സഹായത്തോടെയാണ് തിരച്ചിൽ സൈന്യം നടത്തുന്നതെന്ന് സേനാ മേധാവികൂടിയായ അശോക് കുമാർ അറിയിച്ചു.