പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. പ്രതിക്ക് ശിക്ഷ വിധിച്ചത് കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ്. 2015 ഡിസംബർ 24 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷ് 30 നെയാണു കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്.

ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും 50000 രൂപ പിഴ ഒ ശിക്ഷ വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണം.ഇല്ലെങ്കിൽ 10 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്ന് വിധി പറയുന്നു. 2015 ൽ അതിജീവിതയെ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് സ്കൂളിലെ ടീച്ചർ വഴി അതിജീവിത ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് പൂജപ്പുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് മാറനല്ലൂർ പോലീസിന് കൈമാറുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി. അന്നത്തെ കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഒ എ സുനിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും രണ്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.