മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടർക്കും നഴ്സിങ് അസിസ്റ്റന്റിനും തെരുവ് നായുടെ കടിയേറ്റു

കോട്ടയം. കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടറും നഴ്സിങ് അസിസ്റ്റന്റും തെരുവ് നായുടെ കടിയേറ്റു അത്യാഹിത വിഭാഗത്തിലായി. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ, നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് തെരുവ് നായുടെ കടിയേറ്റു. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ. എം.എൻ. സന്തോഷ്കുമാർ, നഴ്സിങ് അസിസ്റ്റന്റ് ലത എന്നിവർക്കാണ് കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെ 8.30 ന് മെഡിക്കൽ കോളജ് സർവിസ് സഹകരണ ബാങ്കിന്റെ മുൻവശത്ത് വച്ചായിരുന്നു സംഭവം. ഡ്യൂട്ടിക്കെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായ ഓടിയെത്തി കടിക്കുന്നത്. വ്യാഴാഴ്ച രാവിലേയും നായുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും അപ്പോൾ പരിക്ക് ഉണ്ടായിരുന്നില്ല.

ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായുടെ കടിയേൽക്കുന്നത്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായുടെ ശല്യം വളരെ രൂക്ഷമായിരിക്കുകയാണ്. ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും നായ്ക്കളെ പിടികൂടി കോമ്പൗണ്ടിൽനിന്നും പുറത്ത് കൊണ്ട് പോയി ഉപേക്ഷിച്ചിരുന്നു.