നാലുവയസുകാരിയുടെ ചെവിയിൽ പേന കുത്തിക്കയറി, ദാരുണ മരണം

ഖമ്മം : പേന ചെവിയിൽ കുത്തിക്കയറിയതിനെ തുടർന്ന് നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. ഭദ്രാചലം ടൗണിലെ സുഭാഷ് നഗറിലെ നാലുവയസ്സുകാരി റിയാൻഷികയാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.

വീട്ടിലെ വച്ച് കളിക്കുന്നതിനിടെ റിയാൻഷിക താഴെ വീഴുകയും കൈയ്യിലിരുന്ന പേന ചെവിയ്‌ക്കുള്ളിൽ തുളച്ചുകയറുകയും ചെയ്തു. ഗുരുതരമായി രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഖമ്മത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അവിടെയുള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി തുളച്ചുകയറിയ പേന പുറത്തെടുത്തു. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം മസ്തിഷ്ക അണുബാധയുണ്ടായതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്.