നടൻ അജിത് കുമാറിന്റെ സർജറി കഴിഞ്ഞു, ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

നടൻ അജിത് കുമാറിന്റെ സർജറി കഴിഞ്ഞു. അജിത്ത് ആരോഗ്യവാനാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. അദ്ദേഹം ഇപ്പോൾ തീവ്ര മെഡിക്കൽ നിരീക്ഷണത്തിലാണെന്നും നന്നായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല

വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയിൽ ചെവിക്ക് താഴെ ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനുള്ള ചികിത്സ നൽകുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് സാധാരണ വാർഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും.

അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദാഹത്തിന്റെ മാനേജർ പറഞ്ഞു. അജിത്തും ഭാര്യയും നടിയുമായ ശാലിനിയും ആശുപത്രി സന്ദർശിക്കുന്നതിന്റെ വിഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന്റെ ആരോഗ്യനില മോശമാണെന്ന് കരുതി ആരാധകർ ആശങ്കാകുലരായി. തുടർന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.

വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.