സീരിയലുകൾ മുഴുവൻ അവിഹിതം, എന്നെക്കൊണ്ട് അത് ചെയ്യാൻ കഴിയില്ല- മധു മോഹൻ

ഒരുകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ മനുഷ്യനാണ് മധു മോഹൻ. മാനസി, സ്‌നേഹ സീമ തുടങ്ങി ഒരു പിടി മെഗാപരാമ്പരകൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭാശാലി. മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ്- സാക്ഷാൽ മധുമോഹൻ ഇപ്പോൾ തമിഴകത്ത് എം.ജി ആറിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെടും. മലയാള ടെലിവിഷൻ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ ‘മാനസി’യിലൂടെ മിനിസ്‌ക്രീൻ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ് മധു മോഹൻ. ദൂരദർശനിൽ സംവിധാനം ചെയ്ത മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകർക്ക് മെഗാസീരിയൽ എന്താണെന്ന് മനസിലാക്കി കൊടുത്തത്. ഇപ്പോളിതാ ഇന്നത്തെ മലയാളം സീരിയലുകൾ സംതൃപ്‌തി നൽകാറില്ലെന്നും അവിഹിതമാണ് എല്ലാ സീരിയലുകളുടെയും പ്രമേയം എന്നും തുറന്നുപറയുകയാണ് മധു മോഹൻ.

മധു മോഹന്റെ വാക്കുകൾ ഇങ്ങനെ..

മലയാളി വീട്ടമ്മമാരോട് എനിക്ക് എന്നും സ്‌നേഹവും ബഹുമാനവുമാണ്. ചാനൽ തീരുമാനിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നുകൊണ്ട് എനിക്ക് സീരിയൽ ചെയ്യാൻ കഴിയില്ല. അതിനാലാണ് മലയാളം സീരിയൽ ചെയ്യാത്തത്. എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയൽ നിർമ്മാണം നിറുത്തിയ ശേഷം ഐ.ടി കമ്പനി ആരംഭിച്ചു. എന്നാൽ തമിഴിൽ വിജയ് ടിവിയിൽ ‘നാം ഇരുവർ നമുക്ക് ഇരുവർ സീ തമിഴിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്നീ സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

കാണാറുണ്ടെങ്കിലും മലയാളം സീരിയലുകൾ സംതൃപ്‌തി നൽകാറില്ല. കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകൾ. യാഥാർത്ഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം. എന്നാൽ മറ്റു ഭാഷകളിലെ സീരിയലുകൾ ഇത്തരം പോരായ്‌മ നേരിടുന്നില്ല. അവിഹിത ബന്ധത്തിന്റെ കഥാതന്തു എന്റെ ഒരു സീരിയലിനും പ്രമേയമായില്ല. ഇന്ന് എല്ലാ സീരിയലിനും ഇതാണ് പ്രമേയം. അന്ന് ദൂരദർശന്റെ നിയന്ത്രണം പാലിച്ച്‌ സീരിയൽ ഒരുക്കാൻ സാധിച്ചു. വീണ്ടും വന്നാൽ എന്റെ ആശയം അതേപടി പർത്തുവാൻ കഴിയുമെന്ന് ഉറപ്പില്ല. കഥയുടെ ചില ആശയം ലഭിച്ചിട്ടുണ്ട്. അതു കൃത്യമായി എത്തിയാൽ മലയാള സീരിയൽ രംഗത്തേക്ക് ഞാനും എന്റെ ജെ. ആർ പ്രൊഡക്ഷൻസും വീണ്ടും വരും കൂട്ടിച്ചേർത്തു