നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇനിമുതല്‍ ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് നല്‍കിയത്. നേരത്തെ കേസിലെ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് എഎം ഖാല്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

മുമ്പ് ജസ്റ്റിസ് ഖാല്‍വില്‍ക്കറിനൊപ്പം കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉണ്ടായിരുന്നു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബറില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

അതേസമയം കേസിലെ വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം ആനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുപ്രാം കോടതിയെ സമീപിച്ചു. ആറ് മാസം കൂടി സമയം നീട്ടിത്തരണമെന്നാണ് ആവശ്യം. ആവശ്യം തിങ്കളാഴ്ച പരിഗണിക്കും. ഇതിനൊപ്പം വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുവാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു. തന്റെ മുന്‍ഭാര്യയും ഉന്നത പോലീസ് ഉദ്യോഗസ്ഥനും തന്നെ കേസില്‍ കുടുക്കിയതിന് ഉത്തരവാദികളാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.